കോവിഡ് അവലോകന യോഗം ഇന്ന്; പ്രാദേശിക നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

കോവിഡ് അവലോകന യോഗം ഇന്ന്; പ്രാദേശിക നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കക്കിടെ നിര്‍ണായക അവലോകനയോഗങ്ങള്‍ ഇന്ന്. ഓണത്തിന് ശേഷമുള്ള കോവിഡ് സാഹചര്യം യോഗത്തിൽ വിലയിരുത്തും.

രോഗവ്യാപനം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനൊപ്പം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണോയെന്നും ഇന്ന് തീരുമാനമാകും. രാവിലെ 10ന് ആരോഗ്യവകുപ്പിന്റെ പ്രത്യേക അവലോകനയോഗവും ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ പ്രതിവാര അവലോകനയോഗവുമാണ് ചേരുന്നത്.

ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ പ്രതിദിന രോ​ഗനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുമോ എന്നതിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും എന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോയെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ഇന്ന് തീരുമാനിക്കും.

കോവിഡ് ബാധിതരാവുന്നവരുടെ എണ്ണവും മരണ സംഖ്യയും കുറയ്ക്കുക, പരമാവധി പേര്‍ക്കു വാക്സിന്‍ ലഭ്യമാക്കുക എന്നിവയ്ക്കാണ് സര്‍ക്കാര്‍ മുന്‍​ഗണന നല്‍കുന്നത്.

മൂന്നാം തരംഗ ഭീഷണി നേരിടാന്‍ താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐസിയുവും സജ്ജമാക്കും. വെന്റിലേറ്ററുകളുടെ എണ്ണം കൂട്ടി. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. അടുത്ത നാലാഴ്ച അതീവ ജാ​ഗ്രത പാലിക്കണം എന്നും ആരോ​ഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.