ന്യൂഡല്‍ഹി: അഫ്ഗാന്‍ സൈനിക ക്യാമ്പുകളില്‍ നിന്നു പിടിച്ചെടുത്ത അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളില്‍ നല്ലൊരു പങ്ക് താലിബാന്‍ എത്തിച്ചിരിക്കുന്നത് പാകിസ്താനിലേക്കെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാകിസ്താനിലെ ഭീകര സംഘങ്ങളും സൈന്യവും ഇതു വാങ്ങുന്നതായാണ് സൂചന. താലിബാന്‍ ഭീകരരില്‍ നിന്ന് അമേരിക്കന്‍ ആയുധങ്ങള്‍ പാകിസ്താന്‍ സൈന്യം വന്‍തോതില്‍ വാങ്ങിക്കൂട്ടിയെന്ന കണ്ടെത്തല്‍ ഇന്ത്യക്കു തലവേദനയാണെന്ന് പ്രതിരോധ തന്ത്രജ്ഞര്‍ പറയുന്നു..
പാകിസ്താനിലെ ഭീകര്‍ അമേരിക്കയുടെ ആയുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയെന്നാണ് വിവരം. പാകിസ്താനില്‍ ഭീകരര്‍ നടത്തിയ ആക്രമങ്ങളില്‍ അമേരിക്കന്‍ നിര്‍മ്മിത തോക്കുകള്‍ ഉപയോഗിച്ചെന്നും പറയപ്പെടുന്നു.ഈ ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തുന്നുവെന്നും നുഴഞ്ഞുകയറുന്ന ഭീകരര്‍ അവ ഇന്ത്യന്‍ സൈന്യത്തിനെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പാകിസ്താന്‍ സൈന്യവും ഇന്ത്യയിലേക്ക് കടക്കുന്ന ഭീകരര്‍ക്ക് തോക്കുകള്‍ നല്‍കുന്നതായി കരസേനയ്ക്കു വിവരം ലഭിച്ചിരുന്നു.
ആറു ലക്ഷത്തോളം അത്യാധുനിക റൈഫിളുകളാണ് അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് വിവിധ പ്രവിശ്യകളിലായി നല്‍കിയത്. 20 വര്‍ഷത്തിനിടെ എം-16, എം-14 അസോള്‍ട്ട് റൈഫിളുകള്‍ ധാരാളമായി അമേരിക്കന്‍ സൈന്യം അഫ്ഗാനിലെത്തിച്ചു. താലിബാന്‍ ഭീകരരുടെ കയ്യിലേക്ക് ഇവയില്‍ ഭൂരിഭാഗവും എത്തിയെന്നാണ് നിഗമനം. ഏറ്റവും കുറഞ്ഞത് നാല് ലക്ഷത്തോളം തോക്കുകള്‍ താലിബാന്‍ അയല്‍ രാജ്യങ്ങളിലെ ഭീകരസംഘടനകള്‍ക്ക് മറിച്ചു വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ സൈന്യത്തില്‍ നിന്ന് താലിബാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് ആദ്യം പാകിസ്താനില്‍ നാശം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
ആയുധ ശേഖരത്തില്‍ സ്റ്റീല്‍ കോര്‍ ബുള്ളറ്റുകള്‍, ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകള്‍, കവചം തുളയ്ക്കുന്ന വെടിയുണ്ടകള്‍ എന്നിവയ്ക്കൊപ്പം ധാരാളം സ്‌നിപ്പര്‍ റൈഫിളുകളും ഉള്‍പ്പെട്ടിരുന്നു. ചെറിയ ആയുധങ്ങള്‍ക്കു പുറമേ, ഹംവീസ് ഉള്‍പ്പെടെയുള്ള 2,000 കവചിത വാഹനങ്ങള്‍, 40 വിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍, സ്‌കാന്‍ ഈഗിള്‍ ഡ്രോണുകള്‍ എന്നിവയുടെ നിയന്ത്രണവും അഫ്ഗാനിലെ അരാജക സാഹചര്യത്തില്‍ പാകിസ്ഥാന് സുഗമമായി ലഭിക്കും.