കാബൂള്‍: പാഞ്ച്ശിറിലെ പ്രശ്നങ്ങള്‍ സമാധാന പൂര്‍ണമായി പരിഹരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാന്‍. ഓഗസ്റ്റ് 31-ഓടെ അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറണമെന്നും താലിബാന്‍. ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അഫ്ഗാനിലെ യുദ്ധം അവസാനിച്ചതായി ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചു. ഒരു വെടിയുണ്ടപോലും ഉതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അല്‍പം ആശങ്കയുള്ളവരുമായി ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഒരു ശതമാനം ആളുകള്‍ വിശ്വസിക്കുന്നത് പ്രശ്നങ്ങള്‍ പ്രശ്നങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് മുജാഹിദ് പറഞ്ഞു. അതേസമയം മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനവും താലിബാന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തി. അഫ്ഗാന്‍ പൗരന്മാരെ ഇനി മുതല്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവദിക്കുകയില്ലെന്ന് മുജാഹിദ് വ്യക്തമാക്കി. അഫ്ഗാന്‍ പൗരന്മാര്‍ നാടുവിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.
കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നതും സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാനുമാണിതെന്നാണ് താലിബാന്‍ വാദം. വിദേശികള്‍ക്കു മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാനാകൂവെന്നും മുജാഹിദ് പറഞ്ഞു. അഫ്ഗാനില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട മുജാഹിദ്, കാബൂള്‍ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
താലിബാന്‍, വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പരിശോധനകള്‍ നടത്തുന്നില്ല. അതേസമയം, താലിബാനും സി.ഐ.എയും തമ്മില്‍ ഏതെങ്കിലും കൂടിക്കാഴ്ച നടന്നതായി തനിക്ക് അറിവില്ലെന്നും മുജാഹിദ് വ്യക്തമാക്കി. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി വില്യം ബേണ്‍സുമായി താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഘനി ബരാദര്‍ കാബൂളില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.