ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് എന്ന് വിരാമമാകും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെന്നും ഇനിയൊരു പൊട്ടിത്തെറി ആവര്‍ത്തിക്കാതെ കുറഞ്ഞ തരത്തിലോ മിതമായ നിരക്കിലോ പ്രാദേശികമായി നിലനില്‍ക്കുന്ന തരത്തിലുള്ള രോഗ ബാധ തുടരാനാണ് സാധ്യതയെന്നും ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥന്‍. 'എന്‍ഡെമിക് 'എന്ന അവസ്ഥയിലേക്കാണ് രാജ്യത്ത് കോവിഡ് എത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഒരു വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കുമ്പോഴാണ് എന്‍ഡെമിക് ഘട്ടമെത്തുന്നതെന്നും, 'ദി വയര്‍' വാര്‍ത്താ വെബ്സൈറ്റിനു വേണ്ടി കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
2022 അവസാനത്തോടെ വാക്‌സിന്‍ കവറേജ് ലോകവ്യാപകമായി 70 ശതമാനം എത്തുന്ന അവസ്ഥയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് രാജ്യങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങാന്‍ കഴിയുമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കോവാക്‌സിന് അന്താരാഷ്ട്ര അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഡബ്ല്യുഎച്ച്ഒയുടെ സാങ്കേതിക സംഘം അതിന്റെ അംഗീകൃത വാക്‌സിനുകളിലൊന്നായി കോവാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ സംതൃപ്തരാണെന്നും അത് സെപ്റ്റംബര്‍ പകുതിയോടെ സംഭവിക്കുമെന്നു വിശ്വസിക്കുന്നതായി അവര്‍ പറഞ്ഞു.കുട്ടികളില്‍ കോവിഡ് വ്യാപിക്കുന്നതിനെക്കുറിച്ച്, മാതാപിതാക്കള്‍ പരിഭ്രാന്തരാകേണ്ടതില്ല. വൈറസിനെതിരെ മുന്‍കരുതലെടുക്കുന്നത്് ഉചിതമായ കാര്യമാണ്.
അന്താരാഷ്ട്രയാത്രകള്‍ക്ക് വാക്‌സിനേഷന്‍ ഒരു നിബന്ധനയായിരിക്കണമെന്ന് കരുതുന്നില്ലെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. 'യാത്ര പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് കുറഞ്ഞത് ആഗോള തലത്തില്‍ വാക്‌സിനേഷന്‍ ഒരു മുന്‍വ്യവസ്ഥയായിരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം, എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ അവസരം ലഭിച്ചിട്ടില്ല. വാക്‌സിന്‍ ലഭ്യതയില്‍ വളരെയധികം അസമത്വമുണ്ട്. പ്രതിരോധ കുത്തിവയ്പ്പു സംബന്ധിച്ച് ആദ്യം വേണ്ടത് അസമത്വത്തില്‍ നിന്ന് മുക്തി നേടുക എന്നതാണ്'.
കോവാക്‌സിന്‍ അംഗീകാരത്തിന് ഭാരത് ബയോടെക് അവരുടെ ഡാറ്റ സമര്‍പ്പിച്ചത് ജൂലൈ മൂന്നാം വാരത്തില്‍ ആയിരുന്നു, അത് ആദ്യത്തെ ഡാറ്റ സെറ്റ് ആയിരുന്നു, പിന്നീട് ഓഗസ്റ്റ് പകുതിയോടെ അപ്‌ഡേറ്റ് ചെയ്ത ഡാറ്റ സെറ്റ് വന്നു. ആത്യന്തികമായി അംഗീകരിക്കുന്ന സാങ്കേതിക ഉപദേശക സംഘത്തിന്റെ തീരുമാനം സെപ്റ്റംബറിലെ ആദ്യ 10 ദിവസങ്ങളില്‍ വരുമെന്ന് ഞാന്‍ കരുതുന്നതായും ഡോ. സൗമ്യ അറിയിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ജനസംഖ്യയുടെ വൈവിധ്യവും പ്രതിരോധശേഷി നിലയും കണക്കിലെടുക്കുമ്പോള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ച്ച താഴ്ചകളോടെ സ്ഥിതിഗതികള്‍ ഇന്നത്തേതു പോലെ തുടരുന്നതിന് വളരെ സാധ്യതയുണ്ടെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.'കുറഞ്ഞ നിലയില്‍ അല്ലെങ്കില്‍ മിതമായ നിലയില്‍ രോഗവ്യാപനം നടക്കുന്ന ഒരുതരം പ്രാദേശിക അവസ്ഥയിലേക്ക് നമ്മള്‍ പ്രവേശിച്ചേക്കാം. പക്ഷേ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രാജ്യം കണ്ട വലിയ കുതിച്ചുചാട്ടം ഇനി ഉണ്ടാകില്ല.മൂന്നാമത്തെ തരംഗം എപ്പോള്‍, എവിടെയായിരിക്കുമെന്നു പ്രവചിക്കുക അസാധ്യമാണ്. എന്നിരുന്നാലും, രോഗവ്യാപനത്തില്‍ സ്വാധീനം ചെലുത്തുന്ന ചില ഘടകങ്ങളെക്കുറിച്ച് ഊഹങ്ങളിലെത്താന്‍ സാധിക്കും '-അവര്‍ പറഞ്ഞു.
'സീറോ സര്‍വേയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് നമ്മള്‍ പഠിച്ചതും പ്രകാരം കുട്ടികള്‍ക്ക് രോഗം പിടിപെടാനും പകരാനും സാധ്യതയുണ്ടെങ്കിലും അവര്‍ക്ക് നേരിയ അസുഖം മാത്രമായിരിക്കും വരുന്നത്. കുറഞ്ഞ ശതമാനത്തിന് മാത്രമാണ് ഗുരുതരമാവാറുള്ളത്. എന്നാല്‍ അത് മുതിര്‍ന്നവരുടെ ജനസംഖ്യയിലേതിനേക്കാള്‍ വളരെ കുറവാണ്. എന്നാല്‍ അതിനെതിരെ മുന്‍കരുതലെടുക്കുന്നത് നല്ലതാണ് . കുട്ടികളുടെ പ്രവേശനത്തിനായി ആശുപത്രികളെ തയ്യാറാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാം. പക്ഷേ ആയിരക്കണക്കിന് കുട്ടികള്‍ ഐസിയുവില്‍ തിങ്ങിനിറയുന്ന സാഹചര്യമുണ്ടാവുമോ എന്നോര്‍ത്ത് പരിഭ്രാന്തരാകേണ്ടതില്ല, '- അവര്‍ പറഞ്ഞു.ലോകപ്രശസ്ത നെല്ലു ശാസ്ത്ര ഗവേഷകനായ ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഡോ. എം എസ് സ്വാമിനാഥന്റെ പുത്രിയാണ് ഡോ. സൗമ്യ.