കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍. വി.ഡി സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്.
യാഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്റില്‍ പതിച്ചിരിക്കുന്നത്. ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നുള്ള വി.ഡി സതീശന്റെ പിടിവാശിയും മര്‍ക്കടമുഷ്ടിയും അവസാനിപ്പിക്കുക എന്നെല്ലാമാണ് പോസ്റ്ററില്‍ പറയുന്നത്.
ഗ്രൂപ്പ് ഇല്ലാ എന്ന് കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വി.ഡി സതീശന്റെ കള്ളക്കളി തിരിച്ചറിയുക എന്നതാണ് മറ്റൊരു പോസ്റ്ററില്‍ പറയുന്നത്. കോണ്‍ഗ്രസിനെ സതീശന്‍ നശിപ്പിക്കുമെന്നും മുതിര്‍ന്ന നേതാക്കളെ അവഗണിക്കുകയാണെന്നും പോസ്റ്ററില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ സതീശന്‍ അവഗണിക്കുകയാണെന്നും ആരോപണമുണ്ട്.
അതേസമയം, ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും.