തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് സൂചന. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചവ ഒഴികെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുണ്ട്. ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
28 മുതല്‍ 30 വരെയുള്ള തീയതികളില്‍ തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് - ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനം കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകും.