കൊച്ചി: ഈ അടുത്ത നാളുകളില്‍ സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കെസിബിസി സ്വീകരിച്ച നിലപാടുകളും പ്രസ്താവനകളും വളരെ ശ്രദ്ധേയമാണ്. ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂര്‍വ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. സാമുദായിക മൈത്രിക്ക് ദോഷം വരുന്ന രീതിയിലുള്ള ഇടപെടലുകള്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ഭാഗത്തു നിന്ന് ഉണ്ടാവരുത്. ഇത്തരം ശ്രമങ്ങളോടുള്ള സഭാ തനയരുടെ പ്രതികരണം ക്രൈസ്തവമായിരിക്കണമെന്നും കെസിബിസി വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തില്‍ സാമുദായിക ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമുദായിക മൈത്രി പുനഃസ്ഥാപിക്കാന്‍ കേരള കത്തോലിക്ക സഭാ നേതൃത്വം വിവിധ തലങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ചിലതാണ് സിനിമയുമായി ബന്ധപ്പെട്ട് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളേയും സഭാ സംവിധാനങ്ങളെയും അവഹേളിക്കാനും അപമാനിക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ വര്‍ഷങ്ങളായുള്ള ശ്രമങ്ങളെക്കുറിച്ച് സഭ ഇന്ന് ബോധവതിയാണ്.
ക്രൈസ്തവ വിരുദ്ധതയും, ക്രൈസ്തവ വിശ്വാസത്തോടുള്ള അവഹേളനങ്ങളും മലയാള സിനിമയില്‍ പതിവായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഒരേ സംവിധായകന്റെ രണ്ടു ചിത്രങ്ങള്‍ അടുത്തടുത്ത് പ്രഖ്യാപിക്കപ്പെട്ടു. ആ രണ്ട് സിനിമകളുടെയും പേരുകള്‍ പ്രത്യക്ഷത്തില്‍ തന്നെ ക്രൈസ്തവ പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വാസികള്‍ മനസിലാക്കിയതിനെ തുടര്‍ന്ന് ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായി.
ഈശോ എന്ന പേരിലുള്ള സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെകുറിച്ച് സംസാരിക്കാന്‍ സംവിധായകന്‍ നാദിര്‍ഷയും നടന്‍ ടിനി ടോമും കെസിബിസി ആസ്ഥാന മന്ദിരത്തിലെത്തിയിരുന്നു. ഇത്തരം നടപടികള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു വലിയ വിഭാഗത്തിനുണ്ടാകുന്ന വേദനകളും പരിഗണിച്ച് ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഈശോ എന്ന നാമം സിനിമയുടെ ടൈറ്റിലായി ഉപയോഗിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു.
ജയത്തിന്റെയോ തോല്‍വിയുടെയോ വിഷയമല്ല ഇത്. ക്രിയാത്മകമായ ഇടപെടലുകളിലൂടെ സാമുദായിക സൗഹൃദം കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയാണ് നാം നിറവേറ്റേണ്ടതെന്നുമാണ് ഇക്കാര്യത്തില്‍ സഭയുടെ പക്ഷം. സ്വസമുദായത്തിലും പൊതുസമൂഹത്തിലും സ്നേഹത്തിനും സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും എതിരായിട്ടുള്ള ആശയ സംഹിതകളേയും പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും അംഗീകരിക്കേണ്ടതില്ലെന്നും അവ തിരുത്തപ്പെടേണ്ടതാണെന്നും ഉള്ള വ്യക്തവും ശക്തവുമായ നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ മതപരവും രാഷ്ട്രീയപരവുമായ വിഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങളെ, ഒരു നല്ല ഇന്നിനും നാളേക്കും വേണ്ടി സഭ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. ഈ നിലപാട് വ്യക്തമാക്കുന്നതിനോടൊപ്പം തന്നെ വര്‍ഗീയതയുടെയും വിഭാഗീയതയുടെയും വിശ്വാസ അവമതിയുടെയുമൊക്ക നിലവാരമില്ലാത്ത ശ്രമങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യവാദം മുഴക്കി നടപ്പിലാക്കാമെന്നും ന്യായീകരിക്കാമെന്നും ഇനിയും കരുതുന്നത് പ്രതിഷേധാര്‍ഹമാണെന്നും കെസിബിസി വ്യക്തമാക്കുന്നു.