ന്യൂഡല്‍ഹി: രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ വരുന്നു. ബിഎച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാം. പദ്ധതിക്ക് കേന്ദ്ര ഗതാഗത മന്ത്രാലയം തുടക്കമിട്ടു.
നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ റീ റജിസ്ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്. വാഹന ഉടമയ്ക്കു താത്പര്യമുണ്ടെങ്കില്‍ ഈ സംവിധാനം ഉപയോഗിക്കാം.
നിലവില്‍ പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് ഇത് ഉപയോഗിക്കാനാവുക. നാലോ അതിലധികമോ സംസ്ഥാനത്ത് ഓഫിസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവും. സെപ്റ്റംബര്‍ 15 മുതല്‍ പുതിയ രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ചെയ്യാം.
സംസ്ഥാനാന്തര ട്രാന്‍സ്ഫര്‍ ലഭിക്കുന്ന ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ സംവിധാനം കൂടുതല്‍ പ്രയോജനകരമാവുക. നിലവില്‍ ഇവര്‍ ഓരോ തവണ ട്രാന്‍സ്ഫര്‍ കിട്ടുമ്പോഴും വാഹന രജിസ്ട്രേഷനും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് ഒരു വര്‍ഷത്തിലേറെ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിനു മോട്ടോര്‍ വാഹന നിയമത്തിലെ 47 വകുപ്പു പ്രകാരം വിലക്കുണ്ട്. പുതിയ വിജ്ഞാപനം അനുസരിച്ച് വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഭാരത് പരമ്പരയില്‍ നടത്തിയാല്‍ ഇത് ഒഴിവാക്കാം.