ബംഗാളിലെ തെരഞ്ഞെടുപ്പ് കലാപം; സിബിഐ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ബംഗാളിലെ തെരഞ്ഞെടുപ്പ് കലാപം; സിബിഐ രണ്ട് പേരെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തില്‍ സിബിഐ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേസില്‍ സിബിഐ നടത്തുന്ന ആദ്യ അറസ്റ്റാണിത്. ബിജു, ആസിമ ഘോഷ് എന്നിവരാണ് അറസ്റ്റിലായത്. നാദിയ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമസംഭവങ്ങളില്‍ 10 പുതിയ എഫ്‌ഐആര്‍ കൂടി സിബിഐ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ എണ്ണം 21 ആയി. കേസ് അന്വേഷണത്തിന്റെ ഭാഗമായി 15 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.

ഈ മാസം 26നാണ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. കൊല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സിബിഐ നടപടി. ബംഗാള്‍ പൊലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം കൂടുതല്‍ കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും എന്ന് സിബിഐ അറിയിച്ചിരുന്നു. കലാപത്തിനിരയായ കുടുംബങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. നാല് അംഗങ്ങള്‍ വീതമുള്ള ടീമുകളാണ് അന്വേഷണം നടത്തുന്നത്. അകെ 25 ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്.

പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പലയിടങ്ങളിലും തൃണമൂല്‍-ബിജെപി സംഘര്‍ഷമുണ്ടായത്. അക്രമങ്ങളില്‍ 12 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.