നവീകരിച്ച കുര്‍ബാന ക്രമം: സിനഡ് തീരുമാനത്തിന് പൂര്‍ണ പിന്തുണയെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

നവീകരിച്ച കുര്‍ബാന ക്രമം: സിനഡ് തീരുമാനത്തിന് പൂര്‍ണ പിന്തുണയെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: നവീകരിച്ച കുര്‍ബാന ക്രമം നടപ്പില്‍ വരുത്താനുള്ള സീറോ മലബാര്‍ സഭാ സിനഡ് തീരുമാനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്. തീരുമാനത്തിനെതിരെയുള്ള പ്രവര്‍ത്തികള്‍ വിശ്വാസ വിരുദ്ധമാണ്. അത് നിയന്ത്രിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.

നാല് പതിറ്റാണ്ടുകളായി വിവിധ തലങ്ങളില്‍ ആലോചിച്ചും ചര്‍ച്ചകള്‍ നടത്തിയും എടുത്ത കുര്‍ബാന ക്രമമാണ് മാര്‍പ്പാപ്പ അംഗീകരിച്ചു നല്‍കിയിരിക്കുന്നത്. ഇത് നടപ്പിലാക്കാനുള്ള സിനഡ് തീരുമാനം അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വിശ്വാസ സമൂഹത്തിന്റെ പൊതുവായ ഐക്യത്തിനും കെട്ടുറപ്പിനും ഇത് ഉപകരിക്കും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.

തെറ്റായ പ്രചരണങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും ദുര്‍മാതൃക നല്‍കുന്ന വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വാസ സമൂഹത്തിന് ആപത്താണ്. അനുസരണവും വിധേയത്വവും ഏറ്റു പറഞ്ഞ് ദൈവവിളി സ്വീകരിച്ചവര്‍ പരസ്യമായി സഭയെ വെല്ലുവിളിക്കുന്നത് അപലപനീയമാണ്. മാര്‍പ്പാപ്പയെയും സിനഡിനെയും അനുസരിക്കാത്തവര്‍ സ്വയം ഒഴിഞ്ഞു പോകുകയോ സഭ അവരെ പുറത്താക്കുകയോ വേണം. കൈയ്യടി മേടിക്കാന്‍ വേണ്ടി ചിലര്‍ കുര്‍ബാന മധ്യേപോലും പ്രസംഗങ്ങള്‍ നടത്തി വൈറല്‍ ആക്കി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവര്‍ത്തികള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ല. എല്ലാ പരിധികളും ലംഘിക്കുന്ന പ്രവര്‍ത്തികളിലൂടെ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും ഇത്തരം അജണ്ടകള്‍ക്ക് പിന്നിലുള്ളവര്‍ പിന്‍വാങ്ങണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശ്ശേരി,അഡ്വ. പി റ്റി ചാക്കോ, ജോയി ഇലവന്തിക്കല്‍, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ടെസ്സി ബിജു, രാജേഷ് ജോണ്‍, മാത്യു കല്ലടിക്കോട്ട്, ബേബി നെട്ടനാനി, ജോമി മാത്യു, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.