ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പി.സി.വിഷ്ണുനാഥ് എംഎല്‍എ. ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിലാണ് 100 ദിനങ്ങളില്‍ സ്റ്റാലിന്‍ നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിഷ്ണുനാഥ് വിശദമാക്കിയത്. ഡിഎംകെ സൈബര്‍ പോരാളികള്‍ ഏറ്റെടുത്ത വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഇതു തമിഴ് മാധ്യമങ്ങളും ഏറ്റെടുത്തു വാര്‍ത്തയാക്കി. കേരള സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കിയതു സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് പരാമര്‍ശം. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 100 ദിനം കൊണ്ട് സ്റ്റാലിന്‍ നടപ്പാക്കിയ കാര്യങ്ങള്‍ പി.സി.വിഷ്ണുനാഥ് എണ്ണിപ്പറയുന്ന ഭാഗമാണു പ്രചരിക്കുന്നത്. കോവിഡ് ധനസഹായമായി 4000 രൂപ നല്‍കിയതും ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര ഒരുക്കിയതും പെട്രോള്‍ വില കുറച്ചതുമെല്ലാം വിഷ്ണുനാഥ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ തന്നെ അനാവശ്യമായി പുകഴ്ത്തിയാല്‍ നടപടിയെടുക്കുമെന്ന് ഡിഎംകെ എംഎല്‍എമാര്‍ക്ക് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു.