344.2 കോടിയുടെ തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍; ചെല്ലാനത്തെ മാതൃകാ മത്സ്യ ഗ്രാമമാക്കി മാറ്റും

344.2 കോടിയുടെ തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ച്  മന്ത്രി റോഷി അഗസ്റ്റിന്‍; ചെല്ലാനത്തെ മാതൃകാ മത്സ്യ ഗ്രാമമാക്കി മാറ്റും

കൊച്ചി: ടെട്രാപോഡുകള്‍ ഉപയോഗിച്ച് ചെല്ലാനത്തെ തീരം സംരക്ഷിക്കുന്നതിന് 344.2 കോടി രൂപയുടെ പ്രഖ്യാപനവുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചെല്ലാനം ബസാറില്‍ നടത്തിയ ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ പ്രദേശത്തെ കടലേറ്റ പശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും സര്‍ക്കാരും.

ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

സംസ്ഥാനമൊട്ടാകെ തീരമേഖലകളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 10 ഹോട്ട്‌സ്‌പോട്ടുകള്‍ ആണ് തീവ്രമായ തീര ശോഷണം നേരിടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ചെല്ലാനം തീരത്തിന് പ്രഥമ പരിഗണന നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ടെട്രാപോഡുകള്‍ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും പ്രദേശത്തു നടപ്പാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു.

ചെല്ലാനം പഞ്ചായത്തിലെ ഹാര്‍ബറിന് സമീപത്ത് കടല്‍ ഭിത്തി പുനരുദ്ധാരണവും ബസാര്‍ കണ്ണമാലി ഭാഗത്ത് 1.90 കിലോമീറ്റര്‍ ടെട്രാപോഡിന്റെയും നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. കടലേറ്റം ഏറ്റവും രൂക്ഷമായ കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കചടവ് പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കടല്‍ക്കയറ്റത്തിന് ശമനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന പത്ത് ഹോട്ട്‌സ്‌പോട്ടുകളില്‍ ആദ്യഘട്ട നിര്‍മ്മാണം ആരംഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 5300 കോടി രൂപ പൂര്‍ണമായും പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം ചെല്ലാനത്ത് നടപ്പിലാക്കും. ഇറിഗേഷന്‍ വകുപ്പ് ഡാം കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റില്‍ പറഞ്ഞു.

സംസ്ഥാനമൊട്ടാകെ 5300 കോടിയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചെല്ലാനം തീരത്തു ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കടലേറ്റ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം ചെല്ലാനത്തെ മാതൃകാ മത്സ്യ ഗ്രാമമാക്കി മാറ്റുക എന്നതും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി മത്സ്യ ഗ്രാമം പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതും ചെല്ലാനത്താണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.