ലക്‌നൗ: ഉത്തര്‍പ്രദേശിലെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി. 40 നിലകളുള്ള ഇരട്ട ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാനാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. 915 ഫ്‌ളാറ്റുകളാണ് കെട്ടിടത്തിലുള്ളത്.
നോയിഡ അധികൃതരും നിര്‍മാണ കമ്പനിയായ സൂപ്പര്‍ടെകും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും കോടതി വിമര്‍ശിച്ചു. ഫ്‌ളാറ്റുകള്‍ വാങ്ങിയവരുടെ പണം 12 ശതമാനം പലിശയോടെ രണ്ടുമാസത്തിനകം നിര്‍മാതാക്കള്‍ തിരിച്ചു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള ചെലവ് നിര്‍മാണ കമ്പനി വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ, കേരളത്തിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനും ഇതു പോലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എറണാകുളം മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഇങ്ങനെ പൊളിച്ചു നീക്കിയത്.