ഇസ്താംബൂള്‍: ചരിത്ര പ്രസിദ്ധ ക്രൈസ്തവ ദേവാലയങ്ങളായ ഹാഗിയ സോഫിയയും കോറ ദേവാലയവും മുസ്ലീം പള്ളികളാക്കി പരിവര്‍ത്തനം ചെയ്തത തീവ്ര ഇസ്ലാമിക ഭരണാധികാരി തയിബ് ഏര്‍ദ്ദോഗന്‍ ഭരിക്കുന്ന തുര്‍ക്കിയില്‍ അര്‍മേനിയന്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്തു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള വാന്‍ പ്രവിശ്യയിലെ ടുസ്ബ ജില്ലയില്‍ അര്‍മേനിയന്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ ശവക്കല്ലറകളാണ് നശിപ്പിക്കപ്പെട്ടത്.
കല്ലറയിലെ സ്മാരക ശിലകളും എല്ലുകളും സെമിത്തേരിയിലാകെ ചിതറികിടക്കുകയാണ്. ബുള്‍ഡോസറുമായി സെമിത്തേരിയില്‍ അതിക്രമിച്ചു കയറിയ സംഘം കല്ലറകള്‍ മനപൂര്‍വ്വം തകര്‍ക്കുകയായിരുന്നുവെന്ന് പ്രദേശ വാസികള്‍ വ്യക്തമാക്കി. പ്രതിപക്ഷ കക്ഷിയായ 'പ്രോകുര്‍ദ്ദിഷ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി' (എച്ച്.ഡി.പി) പ്രതിനിധിയും പാര്‍ലമെന്റ് അംഗമായ മൂരത്ത് സാരിസാക്ക് ഈ ഹീനകൃത്യത്തെ അപലപിക്കുകയും ഇതിനെതിരെ പരാതി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ശവക്കല്ലറകള്‍ തകര്‍ത്ത സംഘം തലയോട്ടികളും അസ്ഥികളും വലിച്ചു വാരി പുറത്തിട്ടു. വാന്‍ പ്രവിശ്യയില്‍ ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സാരിസാക്ക് പറഞ്ഞു. ദേവാലയങ്ങളും ആശ്രമങ്ങളും ചരിത്രപരമായ സെമിത്തേരികളും സംരക്ഷിക്കുവാന്‍ കേന്ദ്ര, പ്രാദേശിക കര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിധി വേട്ടയും അധികാരികളുടെ അവഗണനയും മൂലം വാന്‍ പ്രവിശ്യയിലെ ചരിത്ര പരവും സാംസ്‌കാരിക പരവുമായ നിര്‍മ്മിതികള്‍ നശിച്ചു കൊണ്ടിരിക്കുകയാണെന്നും സാരിസാക്ക് പറഞ്ഞു.
തുര്‍ക്കിയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഭരണാധികാരികളില്‍ നിന്നും ഏറെനാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന അപമാനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ സംഭവം. ചരിത്ര പ്രസിദ്ധ ദേവാലയങ്ങളായ ഹാഗിയ സോഫിയയും കോറ ദേവാലയവും മുസ്ലീം പള്ളികളാക്കി പരിവര്‍ത്തനം ചെയ്തതും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബുര്‍സായിലെ ഒരു അര്‍മേനിയന്‍ ദേവാലയം 8,00,000 ഡോളറിന് വില്‍പ്പനക്ക് വെച്ചതും തയിബ് ഏര്‍ദ്ദോഗന്റെ വിവാദ നടപടികളില്‍ ചിലത് മാത്രമാണ്. ഹഗിയ സോഫിയയിലേയും കോറയിലേയും യേശുവിന്റെ രൂപങ്ങളും മറ്റ് ക്രിസ്ത്യന്‍ പ്രതീകങ്ങളും കര്‍ട്ടന്‍ കൊണ്ട് മറച്ചാണ് ഇസ്ലാമിക ആരാധന നടത്തുന്നത്.