തൃശൂര്‍: പരിഷ്‌കരിച്ച കുര്‍ബാനക്രമം നവംബര്‍ 28 മുതല്‍ നടപ്പാക്കണമെന്ന് വൈദികര്‍ക്ക് നിര്‍ദേശവുമായി തൃശൂര്‍ അതിരൂപത. വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
പരിഷ്‌കരിച്ച കുര്‍ബാന ക്രമത്തെച്ചൊല്ലി സീറോ മലബാര്‍ സഭയിലെ ഏതാനും വൈദികര്‍ പരസ്യനിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശവുമായി തൃശൂര്‍ അതിരൂപത രംഗത്തെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തതു പോലെ സിനഡും പരിശുദ്ധ സിംഹാസനവും അംഗീകരിച്ച സീറോ മലബാര്‍ സഭയുടെ പരിഷ്‌കരിച്ച കുര്‍ബ്ബാനക്രമവും കുര്‍ബാന അര്‍പ്പണ രീതിയും 2021 നവംബര്‍ 28 മുതല്‍ നടപ്പില്‍ വരുത്താനാണ് തീരുമാനം. അന്ന് മുതല്‍ സിനഡ് തീരുമാനം പോലെ തൃശൂര്‍ രൂപതയിലും കുര്‍ബാനക്രമം നടപ്പില്‍ വരുത്തും.
സിനഡ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക കാര്യങ്ങള്‍ പിന്നീട് അറിയിക്കും. അതിരൂപതയിലെ വൈദിക കൂട്ടായ്മയെ ദോഷകരമായി ബാധിക്കാവുന്നതും വിഭാഗിയത സൃഷ്ടിക്കാവുന്നതുമായ യോഗങ്ങള്‍ ഒഴിവാക്കണമെന്നും രൂപത അഭ്യര്‍ത്ഥിച്ചു.