അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടായിസം: പ്രതി പിടിയില്‍

അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടായിസം: പ്രതി പിടിയില്‍

പരവൂര്‍: കൊല്ലം പരവൂരില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ നിന്നാണ് പ്രതി ആശിഷിനെ പിടികൂടിയത്. പ്രതി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശിഷ് പിടിയിലായത്.

തെക്കുംഭാഗം ബീച്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് 44 കാരിയായ ഷംലയും 21 വയസ്സുള്ള മകന്‍ സാലുവും ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. ഷംല വര്‍ഷങ്ങളായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് ഇരുവരും കാറില്‍പ്പോയി മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്. ഊണു വാങ്ങി കാറില്‍വെച്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് ഒരു യുവാവ് ഇവരുടെ അടുത്തേക്കെത്തിയത്.

അസഭ്യം പറഞ്ഞ് സാലുവിനെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച ഷംലയുടെ കഴുത്തില്‍ പിടിച്ചു തള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു. അമ്മയാണെന്നു പറഞ്ഞപ്പോള്‍ തെളിവുചോദിച്ചായിരുന്നു മര്‍ദനം. ആളുകള്‍ കൂടുന്നതുകണ്ടപ്പോഴാണ് ഇയാള്‍ മര്‍ദനം അവസാനിപ്പിച്ചത്. രക്തം കട്ടപിടിക്കാത്ത രോഗത്തിന് 16 വര്‍ഷമായി ചികിത്സയിലാണ് ഷംല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.