കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ അന്വേഷണം സ്വര്‍ണകടത്ത് കേസിലെ പ്രതി കെടി റമീസിലേക്ക്. തെലങ്കാനയില്‍ സമാനകേസില്‍ പിടിയിലായ തൊടുപുഴ സ്വദേശി റസല്‍, കെടി റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. അന്വേഷണ സംഘം ഇയാളെ വൈകാതെ ഹൈദരാബാദിലെത്തി ചോദ്യം ചെയ്യും.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് മറയാക്കി സ്വര്‍ണം കടത്തിയതിന് കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് കെടി റമീസ്. റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് ഹൈദരാബാദില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയതിന് അറസ്റ്റിലായ റസല്‍ തെലങ്കാന പൊലീസിന് നല്‍കിയ മൊഴി. കൂടാതെ സ്വര്‍ണം കടത്താന്‍ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും കടത്ത് സംഘത്തിനുമിടയിലെ ഏജന്റായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തെലങ്കാന പൊലീസ് വ്യക്തമാക്കുന്നു.
റസലിനെ 2020ല്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളത്ത് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. റസലും ഇതേ കേസില്‍ പ്രതിയായ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മലപ്പുറം സ്വദേശി സലീം പുന്നക്കോട്ടിലും കോഴിക്കോട് കേസിലെ പ്രതികളും ചേര്‍ന്നാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയതെന്നാണ് കേരള പൊലീസിന്റെ കണ്ടെത്തല്‍.