ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു: വിശദീകരണവുമായി കണ്ണൂര്‍ ഡിസിസി

ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു:  വിശദീകരണവുമായി കണ്ണൂര്‍ ഡിസിസി

കണ്ണൂര്‍: ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തുവെന്ന് കണ്ണൂര്‍ ഡി.സി.സി. ആലപ്പുഴയിലെ കായംകുളത്ത് മല്‍സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ വന്നതോടെ രമേശ് ചെന്നിത്തലയ്ക്ക് മടങ്ങേണ്ടി വന്നു. സാങ്കേതിക തകരാറുകള്‍ മൂലമാണ് ഉമ്മന്‍ ചാണ്ടിക്ക് വേദിയില്‍ സംസാരിക്കാന്‍ കഴിയാതെ പോയതെന്നും കണ്ണൂര്‍ ഡിസിസി അറിയിച്ചു.

കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടു നിന്നു എന്ന വാര്‍ത്തകള്‍ വന്നതോടെയാണ് കണ്ണൂര്‍ ഡിസിസി വിശദീകരണവുമായി രംഗത്തെത്തിയത്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് ഇന്ന് കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടനം നടത്തിയത്.

പാര്‍ട്ടി പുനസംഘടനാ കാര്യത്തില്‍ ഇന്ന് കണ്ണൂരില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍ തുടങ്ങി പ്രധാന നേതാക്കളെല്ലാം ഇന്നലെ രാത്രി തന്നെ കണ്ണൂരിലെത്തിയിരുന്നു.

ഡിസിസി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയാണ് നേതാക്കളുടെ സന്ദര്‍ശന ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആഭ്യന്തര കലഹം പരിഹരിക്കാനുളള ചര്‍ച്ചകള്‍ക്ക് ഇന്നലെ തന്നെ നേതാക്കള്‍ തുടക്കമിട്ടു കഴിഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.