കൊച്ചി: ക്രൈസ്തവ മൂല്യങ്ങളെ അവഹേളിക്കുന്ന മലയാള സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രോപൊലിത്ത. ഇത്തരം ചില സിനിമകള്‍ക്ക് പിന്നില്‍ ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കുകയെന്ന കൃത്യമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് മലയാള സിനിമയില്‍ അവതരിപ്പിച്ചിരുന്ന ക്രൈസ്തവ ബിംബങ്ങള്‍ വളരെ നല്ല രീതിയിലുള്ളതായിരുന്നു. പഴയ മലയാള സിനിമകള്‍ പോലെയല്ല ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍. റോമന്‍സ്, വിശുദ്ധന്‍ പോലുള്ള ചിത്രങ്ങള്‍ ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കാനായി ഇറക്കിയതാണ്. ഇത് ഒരു തരം ബിസിനസായി മാറി. ഈശോ എന്ന സിനിമ റിലീസായാല്‍ നിര്‍മ്മാതാവിന് പരസ്യമൊന്നുമില്ലാതെ വലിയ സമ്പത്ത് ഉണ്ടാക്കാന്‍ കഴിയുമെന്നും മെത്രോപൊലിത്ത പറഞ്ഞു.
ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ 'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാണാപ്പുറങ്ങള്‍; ഈശോയും ഈശോ സിനിമയും' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂസിഫര്‍ എന്ന പേര് കോടികളെ കൊണ്ട് പറയിക്കാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞു. സിനിമയിറങ്ങി ഒരു വര്‍ഷത്തിനിടയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത വാക്ക് ഇലുമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നതാണ്. മുടി വെട്ടുന്ന രീതികളിലും വലത് ചെവിയില്‍ കടുക്കനിടുന്നതിലെല്ലാം ഇത്തരം പൈശാചിക ശക്തികളുടെ ബിംബങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.