തലയില്‍ തോര്‍ത്തും കെട്ടി ബൂട്ടും ധരിച്ച് വീട് പണിക്ക് മെയ്ക്കാടായി ഒരു വൈദികന്‍

തലയില്‍ തോര്‍ത്തും കെട്ടി ബൂട്ടും ധരിച്ച് വീട് പണിക്ക് മെയ്ക്കാടായി ഒരു വൈദികന്‍

മലപ്പുറം: തലയില്‍ തോര്‍ത്തും കെട്ടി അന്യസംസ്ഥാന തൊഴിലാളിയെ പോലെ ട്രാക്ക് സ്യൂട്ടും ബൂട്ടും ധരിച്ച് സിമന്റും മണലും കൂട്ടിക്കുഴച്ച് വീട് പണിക്ക് കട്ട സപ്പോര്‍ട്ടുമായി ഒരാള്‍. ആദ്യ കാഴ്ചയില്‍ അന്യസംസ്ഥാനത്തൊഴിലാളി അല്ലെന്ന് ആരും പറയില്ല. പക്ഷെ അങ്ങനെ കരുതിയവര്‍ക്ക് തെറ്റി. ആളൊരു നല്ല ഒന്നാന്തരം വൈദികനാണ്. നിലമ്പൂര്‍ എടക്കരയിലെ കരുനെച്ചി ലിറ്റില്‍ ഫ്ളവര്‍ മലങ്കര കത്തോലിക്കാ പള്ളിയിലെ വികാരി ജോണ്‍സണ്‍ പള്ളിപ്പടിഞ്ഞാറേതില്‍ ആണ് പ്രഫഷണല്‍ മെയ്ക്കാട് പണിക്കാരെ വെല്ലുന്ന തരത്തില്‍ പണിക്കാര്‍ക്കൊപ്പം കൂടിയിരിക്കുന്നത്. അച്ചനിപ്പോള്‍ ഈ പണിക്ക് പോകേണ്ട ആവശ്യം എന്താണെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരവും അദ്ദേഹത്തിന്റെ പക്കലുണ്ട്.

ഒരു നിര്‍ധന കുടുംബത്തിനുള്ള വീട് നിര്‍മാണമാണ് നടക്കുന്നത്. അതിന്റെ നിര്‍മാണ കമ്മിറ്റി കണ്‍വീനറാണ് ജോണ്‍സണച്ചന്‍. വീട് വച്ചുകൊടുക്കുന്ന കുടുംബത്തില്‍ മൂന്ന് പെണ്‍കുട്ടികളാണ്. അവരെ വിവാഹം കഴിപ്പിച്ചുവിട്ടു. അവരുടെ രോഗികളായ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് വീട് നിര്‍മാണം. വീട് വെച്ചുകൊടുക്കുന്നവര്‍ക്ക് സ്ഥലത്തു വന്നു നിന്ന് വീട് പണി ചെയ്യിപ്പിക്കാന്‍ നിര്‍വാഹവുമില്ല. അതിനാല്‍ ആ ഉത്തരവാദിത്വം അച്ചന്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു.

സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ നിരവധി പേരുടെ സഹായഹസ്തങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് വീട് നിര്‍മാണം നടക്കുന്നത്. തറയുടെ പണി ലയണ്‍സ് ക്ലബ്ബും ഭിത്തി ജോണ്‍സണ്‍ അച്ചന്റെ ഇടവകയുമാണ് ചെയ്യുന്നത്. പള്ളിയിലെ യുവജന സംഘടനാ പ്രവര്‍ത്തകരും നിര്‍മാണ തൊഴിലാളികളോടൊപ്പമുണ്ട്. ഒരു ഭാഗത്ത് മാറി നിന്ന് നിര്‍ദ്ദേശം കൊടുക്കുന്നതിലും നല്ലത് കൂടെ നിന്ന് പണിയെടുക്കുകയാണെന്നാണ് അച്ചന്റെ പക്ഷം. തൊഴിലാളികള്‍ക്ക് തന്റെ സാനിധ്യം കൂടുതല്‍ ഉണര്‍വ് നല്‍കുന്നുണ്ടെന്നും ജോണ്‍സനച്ചന്‍ പറയുന്നു.

സിമന്റു ചാക്കും മണലുമൊക്കെ ചുമക്കാനിറങ്ങിയതിന് മറ്റൊരു കാരണം കൂടിയുണ്ട്. വെറുതെ നോക്കിനില്‍ക്കാതെ ജോലിയെടുത്താന്‍ ഒരാളുടെ പണിക്കൂലിയെങ്കിലും ലാഭിക്കാം. കോവിഡ് ആയതിനാല്‍ ഇടവകയിലും ജോലികള്‍ കുറവാണ്. അതുകൊണ്ടുതന്നെ ധാരാളം സമയവും അച്ചന് ബാക്കിയുണ്ട്. ആ സമയം മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകും വിധം വിനിയോഗിക്കാമെന്ന് അദ്ദേഹം കരുതി. കോവിഡില്‍ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അങ്ങനെയുള്ളവര്‍ക്കായി, മനസുണ്ടെങ്കില്‍ ഏത് ജോലിയും ആര്‍ക്കും ചെയ്യാമെന്ന് അച്ചന്‍ ജീവിതം കൊണ്ട് ഒരു സാക്ഷ്യം നല്‍കുകയാണ്.

ഒരു വര്‍ഷം മുന്‍പാണ് കരുനെച്ചി പള്ളിയില്‍ വികാരിയായി ജോണ്‍സണ്‍ പള്ളിപ്പടിഞ്ഞാറേതില്‍ എത്തിയത്. അതിനുമുമ്പ് ഭൂദാനം മലങ്കര കത്തോലിക്ക പള്ളിയിലെ വികാരിയായിരുന്നു അച്ചന്‍. ആ സമയത്താണ് കവളപ്പാറ ദുരന്തമുണ്ടായത്. അച്ചന്റെ ഇടവക പള്ളി അന്ന് ദുരിതാശ്വാസ ക്യാമ്പായി. വീടും ജീവിതവും നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ മാത്രം ബാക്കിയായവര്‍ക്കും വിശപ്പകറ്റാന്‍ പള്ളിമുറ്റം കനിവിന്റെ കലവറയാക്കി മാറ്റിയിരുന്നു അച്ചന്‍. നാലുമാസത്തോളം പള്ളിയില്‍ കുര്‍ബാന പോലും നടത്തിയില്ല.

ഒരു വര്‍ഷം ഡല്‍ഹിയില്‍ സാമൂഹിക സേവന രംഗത്തും അച്ഛന്‍ പ്രവര്‍ത്തിച്ചിരുന്നു. പുരോഹിതനായ ശേഷം പുല്‍പ്പള്ളി പഴശിരാജ കോളേജിലെ അസി. പ്രൊഫസര്‍ ആയിട്ടാണ് സഭ അച്ചനെ നിയോഗിച്ചത്. എന്നാല്‍ അധ്യാപനത്തെക്കാളും അച്ചന് ഇഷ്ടം ഇടവകശുശ്രൂഷയായിരുന്നു. വയനാട് കാട്ടിക്കുളം സ്വദേശിയായ അച്ചന്‍ അങ്ങനെ പഴശിയോട് വിട പറയുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.