കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഈ മാസം 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30നാണ് നടക്കുക. ഒഡീഷയിലെ പിപ്ലിയിലും അന്നുതന്നെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
ബംഗാളിലെ ഭവാനിപൂര്‍, സംസര്‍ഗഞ്ച്, ജംഗിപൂര്‍, ഒഡീഷയിലെ പിപ് ലി എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിന്.
മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മമതക്ക് വേണ്ടി കൃഷി മന്ത്രി ശോഭന്‍ദേബ് ചതോപാധ്യായ എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു. എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്നാണ് സംസര്‍ഗഞ്ച്, ജംഗിപൂര്‍ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമാണെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് ഭവാനിപൂര്‍ ഒഴിവാക്കി നന്ദിഗ്രാം സീറ്റില്‍ മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 213 സീറ്റ് നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരം നിലനിര്‍ത്തിയത്. ബി.ജെ.പിക്ക് 77 സീറ്റ് മാത്രം ലഭിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്.