കോണ്‍ഗ്രസ് അടിമുടി മാറുമെന്ന് സുധാകരന്‍; എല്ലാ ജില്ലകളിലും അച്ചടക്ക കമ്മീഷന്‍, 2,500 വീതം കേഡര്‍മാര്‍

കോണ്‍ഗ്രസ് അടിമുടി മാറുമെന്ന് സുധാകരന്‍; എല്ലാ ജില്ലകളിലും അച്ചടക്ക കമ്മീഷന്‍, 2,500 വീതം കേഡര്‍മാര്‍

കണ്ണൂര്‍: ആറുമാസം കൊണ്ട് കോണ്‍ഗ്രസ് അടിമുടി മാറുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എല്ലാ ജില്ലകളിലും അച്ചടക കമ്മീഷനുകള്‍ രൂപീകരിക്കും. ഓരോ ജില്ലയിലും 2,500 കേഡര്‍മാരെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് പരിശീലനം നല്‍കി ബൂത്തുകളുടെ ചുമതല നല്‍കും.

പാര്‍ട്ടി ദുര്‍ബലമായ സ്ഥലങ്ങളില്‍ കേഡര്‍മാരുടെ നേതൃത്വത്തില്‍ സംഘടനാശേഷി വര്‍ധിപ്പിക്കും. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.

കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് ആവശ്യമാണ്. സംഘടന തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പുതിയ മുഖങ്ങള്‍ കടന്നുവരും. പാര്‍ട്ടിയുടെ പ്രതിച്ഛായ തല്ലിത്തകര്‍ക്കാന്‍ ഇനി വയ്യെന്നും മാറ്റങ്ങളില്‍ എതിര്‍ വികാരം തോന്നുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.യു അംഗത്വ വിതരണവും തെരഞ്ഞെടുപ്പും പരിഹാസ്യമാണ്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകള്‍ ഏറ്റെടുക്കാന്‍ കെപിസിസി തയ്യാറാണെന്നും സുധാകരന്‍ വ്യക്തമാക്കി.

നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വാരിവലിച്ചെഴുതുന്ന അണികള്‍ പാര്‍ട്ടിക്ക് ഭൂഷണമല്ല. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കള്‍ക്ക് കഴിഞ്ഞ കാലത്ത് സ്ഥാനങ്ങള്‍ കിട്ടിയില്ല. പാര്‍ട്ടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ നടത്താനാണ് ആലോചന. 2024 ല്‍ പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കാനാണ് സാധ്യയെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.