റായ്പൂര്‍: ബ്രാഹ്മണര്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് നന്ദകുമാര്‍ ബാഗല്‍ അറസ്റ്റില്‍. ആരും നിയമത്തിന് മുകളില്‍ അല്ലെന്നാണ് ഇതുസംബന്ധിച്ച് ഭൂപേഷ് ബാഗല്‍ പ്രതികരിച്ചത്.
അടുത്തിടെ ഉത്തര്‍പ്രദേശില്‍ ബ്രാഹ്മണ വിഭാഗത്തിന് എതിരെ ഭൂപേഷ് ബാഗലിന്റെ അച്ഛന്‍ എണ്‍പത്താറുകാരനായ നന്ദകുമാര്‍ ബഗേല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഗ്രാമങ്ങളില്‍ പ്രവേശിക്കാന്‍ ബ്രാഹ്മണന്മാരെ അനുവദിക്കരുതെന്ന് രാജ്യത്തെ ഗ്രാമവാസികളോട് ആഹ്വാനം ചെയ്ത് നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. വോള്‍ഗ നദിയുടെ തീരത്തേയ്ക്ക് അവരെ തിരിച്ച് അയക്കണമെന്നും ബ്രാഹ്മണന്മാരെ ഉദ്ദേശിച്ച് നന്ദകുമാര്‍ ബാഗല്‍ പറഞ്ഞു.
നന്ദകുമാര്‍ ബാഗലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ സര്‍വ് ബ്രാഹ്മിണ്‍ സമാജാണ് പരാതി നല്‍കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് നന്ദകുമാര്‍ ബാഗലിനെതിരെ കേസെടുത്തത്.
എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഛത്തീസ്ഗഡ് സര്‍ക്കാര്‍ ബഹുമാനിക്കുന്നു. അവരുടെ വികാരങ്ങളെയും ഉള്‍ക്കൊള്ളുന്നു. പിതാവിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.