തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിലെ തടസ ഹര്‍ജികള്‍ കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്.
കൈയ്യാങ്കളി കേസില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നീ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്കെതിരെയാണ് കേരള അഭിഭാഷക പരിഷത്ത് ഹര്‍ജി നല്‍കിയത്.
കേസില്‍ കക്ഷി ചേര്‍ന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിടുതല്‍ ഹര്‍ജിക്കെതിരെ തടസവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ചെന്നിത്തലയ്ക്കും അഭിഭാഷക പരിഷത്തിനും തടസ ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതിനാല്‍ തനിക്ക് തടസ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിര്‍വാദം.
തടസ ഹര്‍ജി തള്ളിയതോടെ ഈ മാസം 23 മുതല്‍ എല്‍ഡിഎഫ് നേതാക്കളുടെ വിടുതല്‍ ഹര്‍ജിയില്‍ സിജെഎം കോടതി വാദം കേള്‍ക്കും. കൈയാങ്കളി കേസില്‍ അപരിചിതരെ കക്ഷി ചേര്‍ക്കാന്‍ കഴിയില്ലെന്ന് വിധിയില്‍ സിജെഎം കോടതി വ്യക്തമാക്കുന്നു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി. നിലവിലെ പ്രോസിക്യൂട്ടര്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥന്‍ മാത്രമല്ല കോടതി സഹായിക്കാനുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ചെന്നിത്തലയുടെ ആവശ്യം തള്ളിക്കൊണ്ട് കോടതി വിധിയില്‍ പറയുന്നു.