കേസുകളുടെ എണ്ണം ഞെട്ടിക്കുന്നത്; ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കര്‍ശന നടപടി വേണം: സര്‍ക്കാരിനോട് ഹൈക്കോടതി

കേസുകളുടെ എണ്ണം ഞെട്ടിക്കുന്നത്; ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കര്‍ശന നടപടി വേണം: സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇത്തരം ആക്രമണ പരാതികളില്‍ ഡിജിപി തന്നെ ഇടപെടണം. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.

ആക്രമണങ്ങളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയെ അറിയിച്ചു. കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍. ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ചതായി കാണിച്ച് 228 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 25 എണ്ണത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ഇത് ഞെട്ടിക്കുന്ന കണക്കാണെന്നും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഡിജിപി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ ലാഘവത്തോടെയാണോ കാണുന്നതെന്ന് ചോദിച്ച കോടതി ഇത്തരത്തില്‍ പരാതി ലഭിച്ചാലുടന്‍ നടപടി എടുക്കണമെന്നും പൊലീസ് ഇടപെടല്‍ ജില്ലാ പൊലീസ് മേധാവികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.