ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

ന്യൂഡൽഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി. സെപ്റ്റംബർ 30ൽ നിന്ന് ഡിസംബർ 31ലേക്കാണ് സമയ പരിധി നീട്ടിയത്.കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കോവിഡ് സാഹചര്യം മുൻനിർത്തി നേരത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം ജൂലായ് 31-ൽനിന്ന് സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. പോർട്ടലിലെ തകരാറിനെത്തുടർന്ന് ഭൂരിഭാഗത്തിനും റിട്ടേൺ സമർപ്പിക്കാനാവാത്ത സാഹചര്യത്തിൽ വീണ്ടും മൂന്ന് മാസം കൂടി നീട്ടിയതെന്ന് ധനമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതികപ്പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി.

സെപ്റ്റംബർ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകർ പോർട്ടൽ സന്ദർശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദർശകരുണ്ട്. പ്രതിദിന റിട്ടേൺ സമർപ്പണം 3.2 ലക്ഷമായി ഉയർന്നിട്ടുണ്ട്. ജൂൺ ഏഴിനാണ് പുതിയ www.incometax.gov.in പോർട്ടൽ അവതരിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.