കാക്കനാട് ലഹരികടത്ത് കേസ്: പോലീസ് ആദ്യം വിട്ടയച്ച തൊയ്ബ അവിലാദ സൂത്രധാരകരില്‍ പ്രധാനി

കാക്കനാട് ലഹരികടത്ത് കേസ്: പോലീസ് ആദ്യം വിട്ടയച്ച തൊയ്ബ അവിലാദ സൂത്രധാരകരില്‍ പ്രധാനി

കൊച്ചി: എറണാകുളത്ത് വാഴക്കാലയില്‍ രണ്ടു കിലോ എം.ഡി.എം.എ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ സൂത്രധാരകരില്‍ പ്രധാനി പോലീസ് വിട്ടയച്ച തൊയ്ബ അവിലാദയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. തിരുവല്ല സ്വദേശിനിയും കേസിലെ ആറാം പ്രതിയുമായ ത്വയ്ബയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ലഹരി ഇടപാടിനായാണ് ഈ പണം ഉപയോഗിച്ചത് എന്നാണ് കണ്ടെത്തല്‍. അതേസമയം ഇവരെ രണ്ടു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കേസിന്റെ വിവരങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

പ്രതികള്‍ക്ക് ലഹരി വാങ്ങാന്‍ പണം നല്‍കിയ ആളുകളെ എക്‌സൈസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്നലെ 15 പേരെ ചോദ്യം ചെയ്തു. വരും ദിവസം കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യും.

ത്വയ്ബയെ ആദ്യം പ്രതിയല്ലെന്നു വിലയിരുത്തി ഉദ്യോഗസ്ഥര്‍ വിട്ടയച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് ഇവര്‍ എം.ഡി.എം.എ കയ്യില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നതും അറസ്റ്റു ചെയ്യുന്നതും. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതോടെയായിരുന്നു അറസ്റ്റ്. ചെന്നൈയില്‍ നിന്നു കേരളത്തിലേക്കു ലഹരി കടത്തിയ സംഘത്തില്‍ ഇവര്‍ ഉണ്ടായിരുന്നെന്നും സമ്മതിച്ചിട്ടുണ്ട്.

അതേ സമയം, പ്രതികളുമായി ചെന്നൈയിലും പോണ്ടിച്ചേരിയിലും എത്തി എക്‌സൈസ് അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയിരുന്നു. പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവു ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതികള്‍ക്ക് ലഹരി വാങ്ങുന്നതിന് പണം അക്കൗണ്ടുകളില്‍ ഇട്ടു നല്‍കിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. 12 കോടിയിലധികം രൂപയുടെ ഇപാടു നടന്നതിനാല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നതായും സംശയിക്കുന്നുണ്ട്. ഇഡി ഇതു സംബന്ധിച്ച വിവരങ്ങള്‍ എക്‌സൈസ് അന്വേഷണ സംഘത്തില്‍ നിന്നു ശേഖരിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.