ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കു വേണ്ടി ജീവിച്ച നേതാവ്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കു വേണ്ടി ജീവിച്ച നേതാവ്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി


കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപും കെ.സി.ബി.സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാര്‍ത്ഥ സേവനം ജീവിത ശൈലിയാക്കിയ ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കു വേണ്ടി ജീവിച്ച നേതാവാണെന്ന് മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.

മുന്‍ കേന്ദ്രമന്ത്രി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗം എന്നീ നിലകളിലെല്ലാം പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. വിശ്വസ്തത അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ജീവിത ഗുണമാണ്. പൊതു പ്രവര്‍ത്തകനായി വിവിധ മേഖലകളില്‍ ഉന്നതിയില്‍ വ്യാപരിച്ചപ്പോഴും ദൈവ വിശ്വാസവും സഭാ സ്‌നേഹവും അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ഓസ്‌കര്‍ ഫെര്‍ണാണ്ടസിനെ പലതവണ നേരില്‍ കാണാന്‍ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളുമെല്ലാം എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം പകരുന്ന വിധത്തിലായിരുന്നു. തന്റെ പ്രാര്‍ത്ഥനയും അനുശോചനവും അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും അറിയിച്ച മാര്‍ ജോര്‍ജ് ആലഞ്ചേരി അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.