ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനുള്ള നീക്കം തടഞ്ഞ് ഡല്‍ഹി പോലിസ്. കേന്ദ്രസര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ശിരോമണി അകാലിദളിന്റെ 'ബ്ലാക്ക് ഫ്രൈഡേ' മാർച്ചാണ് ഡല്‍ഹി പൊലീസ് തടഞ്ഞത്.
അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍, ലോക്സഭ എം.പി ഹര്‍സിമ്രത് കൗര്‍ ബാദല്‍, മറ്റു നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അകാലിദള്‍ എന്‍.ഡി.എ സഖ്യം വിടുകയും ചെയ്തിരുന്നു. നഗരത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ ഡല്‍ഹി പൊലീസ് നടപടിയെ മുന്‍ കേന്ദ്രമന്ത്രി ശക്തമായി അപലപിച്ചു.
കര്‍ഷകര്‍ മാര്‍ച്ച് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു. രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന റോഡുകളും രണ്ടു മെട്രോ സ്റ്റേഷനുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിട്ടു.
അതേസമയം ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും പൊലീസ് അടച്ചതായും പഞ്ചാബില്‍നിന്നുള്ള വാഹനങ്ങളെ അധികൃതര്‍ തടയുകയാണെന്നും ശിരോമണി അകാലിദള്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ന് രാവിലെയാണ് കര്‍ഷകരും പാര്‍ട്ടി പ്രവര്‍ത്തകരും ഗുരുദ്വാര രാകേബ് ഗഞ്ച് സാഹിബില്‍നിന്ന് പാര്‍ലമെന്‍റ് മന്ദിറിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ മാര്‍ച്ച് നടത്താന്‍ അനുമതിയില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.