പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു; സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് അമരീന്ദര്‍ സിംഗ്

പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു;  സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് അമരീന്ദര്‍ സിംഗ്

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നി സിക്ക് സമുദായത്തിലെ ദളിത് വിഭാഗമായ രാംദാസ്യ നേതാവാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല. ഇതോടെ അമീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിടും എന്ന സൂചനയും ശക്തമായിരിക്കുകയാണ്.

പഞ്ചാബിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് രാംദാസ്യ (ചമര്‍) വിഭാഗമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ നിര്‍ണായക ശക്തിയാകുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിനെ ചന്നിയിലേക്ക് എത്തിച്ചത്. അമരീന്ദറിന് പകരമായി മുന്‍ മുഖ്യമന്ത്രിയായ സുഖ് ജിന്തര്‍ സിംഗ് തിരഞ്ഞെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സിദ്ദുവിന്റെ താത്പര്യമാണ് ചരണ്‍ജിത് സിംഗ് ചന്നിയ്ക്ക് മുഖ്യമന്ത്രി കസേരയിലേക്ക് നറുക്ക് വീഴാന്‍ കാരണമായത്.

ദളിത് സിഖ് വിഭാഗത്തില്‍ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുന്നതിന്റെ ഗുണഫലങ്ങളെ പറ്റി കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വിവരങ്ങള്‍ ധരിപ്പിക്കുന്നതില്‍ സിദ്ദു വിജയിക്കുകയായിരുന്നു. മുന്‍പ് അമരീന്ദര്‍ പക്ഷത്തായിരുന്ന ചരണ്‍ജിത് സിംഗ് ചന്നി അടുത്തിടെയാണ് സിദ്ദുവിനൊപ്പം കൂടിയത്.

ചന്നിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ അനുകൂലിച്ചത് ആറ് എംഎല്‍മാര്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഭാവിയില്‍ മുഖ്യമന്ത്രി പദം പ്രതീക്ഷിക്കുന്ന സിദ്ദു മുന്‍നിര നേതാവല്ലാത്ത ചന്നിയെ രംഗത്തിറക്കി ഇതിനുള്ള സാധ്യത നിലനിര്‍ത്തുകയാണെന്നാണ് സൂചന.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.