കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കോടികളുടെ അഴിമതി ആരോപണം. ആരോപണമുന്നയിച്ചത് കെ.പി അനില്‍കുമാര്‍ ആണ്. കെ. കരുണാകരന്റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റിലൂടെ പിരിച്ച 16 കോടി രൂപ എന്ത് ചെയ്തുവെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്ന് അനില്‍കുമാര്‍ പറഞ്ഞു.
ചിറക്കല്‍ രാജാസ് സ്കൂള്‍ ഏറ്റെടുക്കാനാണ് പണം പിരിച്ചത്. ആ പണമാണ് സുധാകരന്‍ പോക്കറ്റിലാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. സി.പി.എം സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനില്‍കുമാര്‍. രാജ്യത്ത് മതേതരത്വം നിലനിര്‍ത്താന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂവെന്ന ബോദ്ധ്യത്തോടെയാണ് താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ സൈബര്‍ ഗുണ്ടകളുടെ സഹായത്തോടെയാണ് സുധാകരന്‍ നേതൃസ്ഥാനം ഏറ്റെടുത്തത്. താന്‍ നെഹ്റുവിന്റെ കോണ്‍ഗ്രസുകാരനായിരുന്നു. സുധാകരന്‍, സതീശന്‍, വേണുഗോപാല്‍ എന്നിവരുടെ കോണ്‍ഗ്രസ് അല്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെ, ചതിയുടെ ഉദാഹരണമാണ്. സോളാര്‍ കേസില്‍ പ്രതിയല്ലാത്തതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് അയോഗ്യതയെന്നും അദ്ദേഹം പരിഹസിച്ചു.