മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കൻ യുവതി പിടിയിലായി. അഞ്ച് കിലോ ഹെറോയിനുമായി സാംബിയ സ്വദേശി ബിഷാലെ തോപ്പോയെയാണ് ഡി.ആർ.ഐ പിടികൂടിയത്. ഇതോടെ രാജ്യത്ത് മയക്കുമരുന്ന് മാഫിയ ഉണ്ടെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കെനിയയിലെ നെയ്റോബിയിൽനിന്നാണ് യുവതി യാത്ര ആരംഭിച്ചതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്നവിവരം.
ഇന്ന് പുലർച്ചെ ദോഹ വഴിയുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്. എന്നാൽ ആർക്ക് കൈമാറാനാണ് ഹെറോയിൻ എത്തിച്ചതെന്ന വിവരം ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കാൻ യുവതിയെ കോഴിക്കോട് ഡി.ആർ.ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.