ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഉറിയില്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം തകര്‍ത്ത് സംയുക്ത സേന. മൂന്ന് ഭീകരരെ വധിക്കുകയും ആയുധങ്ങളും സ്ഫോടകവസ്തുക്കളും പാക്കിസ്ഥാന്‍ ബന്ധം വ്യക്തമാക്കുന്ന രേഖകളും സേന പിടിച്ചെടുത്തു.
റാംപുര്‍ സെക്ടറിലെ വന മേഖലയിലായിരുന്നു സംഭവം. ഭീകര സാന്നിധ്യം തിരച്ചറിഞ്ഞതിനെ തുടര്‍ന്ന് പരിശോധന നടത്തിയ സേനയ്ക്ക് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരവാദികളെ വധിച്ചത്. സൈന്യം വധിച്ച ഭീകരവാദികളില്‍ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്.
ഇന്ന് നടന്ന മറ്റെരു സംയുക്ത സേനാ നടപടിയില്‍ ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ നിന്ന് നാല് ലഷ്‌ക്കറെ ഭീകരവാദികള്‍ പിടിയിലായിരുന്നു. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.