ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ രോഷപ്രകടനത്തിന് സ്ഥാനമില്ലെന്ന് അമരീന്ദര്‍ സിങ്ങിനോട് കോണ്‍ഗ്രസ്. പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ അമരീന്ദര്‍ സിങ് ഉന്നയിച്ച വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ്. രാഷ്ട്രീയത്തില്‍ രോഷ പ്രകടനത്തിന് സ്ഥാനമില്ലെന്നും തന്റെ ഔന്നത്യത്തിനു ചേരാത്ത വിധത്തില്‍ അമരീന്ദറില്‍ നിന്നുണ്ടായ പ്രതികരണം അദ്ദേഹം പുനഃപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാഥെ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. മുതിര്‍ന്നവര്‍ പെട്ടെന്ന് രോഷാകുലരാകുന്നതും പലതും പറയുന്നതും പതിവാണ്. അദ്ദേഹത്തിന്റെ പ്രായത്തെയും പരിചയത്തെയും രോഷത്തെയും ബഹുമാനിക്കുന്നു. രാഷ്ട്രീയത്തില്‍ രോഷത്തിനും അസൂയക്കും ശത്രുതയ്ക്കും പ്രതികാരത്തിനും വ്യക്തിപരമായ ആക്രമണത്തിനും സ്ഥാനമില്ല. അദ്ദേഹം തന്റെ വാക്കുകള്‍ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു സുപ്രിയ ശ്രിനാഥെയുടെ പ്രതികരണം.
പ്രസ്താവനയ്ക്ക് പ്രതികരണവുമായി പിന്നീട് അമരീന്ദര്‍ രംഗത്തെത്തി. 'അതെ, രാഷ്ട്രീയത്തില്‍ രോഷത്തിന് സ്ഥാനമില്ല. എന്നാല്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ അവഹേളനത്തിനും അധിക്ഷേപത്തിനും സ്ഥാനമുണ്ടോ? എന്നെപ്പോലുള്ള ഒരു മുതിര്‍ന്ന നേതാവിനോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ സാധാരണ പ്രവര്‍ത്തകരോട് ഏതുവിധത്തിലായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.