ന്യുഡല്‍ഹി: പരോളും ഇടക്കാല ജാമ്യവും ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബഞ്ചിന്റേതാണ് നടപടി. പരോള്‍ ലഭിച്ചവര്‍ ഈ മാസം 26 മുതല്‍ ജയിലുകളിലേക്ക് മടങ്ങണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രീം കോടതി നീട്ടി നല്‍കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് സര്‍ക്കാര്‍ ലംഘിച്ചെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി രഞ്ജിതാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം കോവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.