ന്യൂഡല്‍ഹി: നവരാത്രി, ദീപാവലി ഉത്സവ സീസണില്‍ രാജ്യത്ത് വ്യാപക ആക്രമണം ലക്ഷ്യമിട്ട് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഭീകര സംഘടനകളുടെ പിന്തുണയോടെ പാകിസ്ഥാനികളും അഫ്ഗാനികളുമായ 40 ഭീകരര്‍ നിയന്ത്രണ രേഖയ്ക്ക് സമീപം തമ്പടിച്ചതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാനിലെ നക്യാല്‍ സെക്ടറിലാണ് ഭീകരര്‍ ക്യാമ്പ് ചെയ്യുന്നത്. പൂഞ്ച് നദി നീന്തിക്കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാനാണ് ഇവരുടെ പദ്ധതി. നദി കടക്കാന്‍ ട്യൂബുകളും വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഉപരിതലത്തിന് മുകളില്‍ നിന്ന് വായു ശ്വസിക്കാന്‍ കഴിയുന്ന ഉപകരണവും ഭീകരരുടെ പക്കലുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
പാക് തീവ്രവാദ ഗ്രൂപ്പുകളും പാക് ചാര സംഘടനയായ ഐഎസ്ഐയുമാണ് ഭീകര്‍ക്ക് പരിശീലനം നല്‍കുന്നത്. ടിഫിന്‍ ബോംബ് നിര്‍മ്മാണത്തിലും ഇവര്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തയ്ബ, ഹര്‍ക്കത് ഉള്‍ അന്‍സാര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ നീക്കങ്ങള്‍ സസൂക്ഷ്മം പിന്തുടര്‍ന്നപ്പോഴാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്.
സ്ഫോടനം നടത്തുന്നതിന് ആവശ്യമായ വസ്തുക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ലീപ്പര്‍ സെല്ലുകള്‍ വഴി എത്തിക്കാനാണ് പദ്ധതി. നവരാത്രി, ദീപാവലി ഉത്സവ സീസണുകളില്‍ ഇന്ത്യയില്‍ വ്യാപക സ്ഫോടനങ്ങള്‍ നടത്താനാണ് ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.