ന്യൂഡൽഹി: ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡീഷയിൽ വീട് ഇടിഞ്ഞ് വീണ് 46 കാരൻ മരിച്ചു. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും ശക്തമായ മഴയുണ്ട്. ആന്ധ്രയുടെ തീരദേശ ജില്ലയായ ശ്രീകാകുളത്ത് കടലില്‍ ബോട്ടുമറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. ആറു പേര്‍ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റില്‍ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. മൂന്നു പേര്‍ സുരക്ഷിതമായി നീന്തി കരപറ്റി.
ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ പരക്കെ മഴ. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. നിലവില്‍ മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത.
അതേസമയം പസഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന മിണ്ടുല്ലെ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂന മർദത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ
വിദഗ്ധഗ്ധരുടെ മുന്നറിയിപ്പുണ്ട്.
ആന്ധ്രാ പ്രദേശ് , ഒഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രണ്ട് ട്രെയിനുകളുടെ സമയം പുനക്രകമീകരിച്ചു. 14 ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു.