പൊളിക്കല്‍ നയം: പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

പൊളിക്കല്‍ നയം: പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ്  നിര്‍ബന്ധം

തിരുവനന്തപുരം: പഴയവാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കും. പൊളിക്കൽനയത്തിന്റെ ഭാഗമായിട്ടാണ് അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കുന്നത്. ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ പെർമിറ്റ് പുതുക്കൽ പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളിലും അതിസുരക്ഷാ നമ്പർപ്ലേറ്റ് വേണം. ടെസ്റ്റിങ് കേന്ദ്രങ്ങൾക്കുള്ള മാർഗരേഖയിലാണ് കേന്ദ്രം ഇക്കാര്യം ഉൾപെടുത്തിയിരിക്കുന്നത്.

ആറുമാസംമുമ്പ് പ്രസിദ്ധീകരിച്ച കരടുരേഖയിൽ സംസ്ഥാനങ്ങളുടെ നിർദേശങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് അന്തിമവിജ്ഞാപനമിറക്കിയത്. പൊളിക്കൽനയത്തിന്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കേണ്ട ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ ഘടനയും പ്രവർത്തനരീതിയും ഇതിൽ വിശദീകരിക്കുന്നുണ്ട്.

അതേസമയം വാഹനത്തിന്റെ സാങ്കേതികക്ഷമത ഉറപ്പുവരുത്തുന്നതിന് 32 ഇനം പരിശോധനകൾ നടത്തണം. റോളർ ബ്രേക്ക് ടെസ്റ്റ്, സ്ലൈഡ് സ്ലിപ് ടെസ്റ്റ്, സസ്പെൻഷൻ ടെസ്റ്റ്, ജോയന്റ് പ്ലേ ടെസ്റ്റ്, സ്പീഡോ മീറ്റർ ടെസ്റ്റ് തുടങ്ങിയവ അതിൽ ഉൾപ്പെടും. അതേപോലെ ലൈറ്റുകൾക്കുള്ളിൽ ഈർപ്പം പാടില്ല. സൈലൻസർ, ബ്രേക്ക് ലൈൻ, എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ് എന്നിവയിൽ ചോർച്ചയുണ്ടാകരുത്. വിൻഡ്‌സ്‌ക്രീൻ മങ്ങരുത്. ടയർ ത്രെഡിന്റെ അളവുവരെ മാർഗരേഖയിൽ നിഷ്കർഷിക്കുന്നുണ്ട്.

ഹോണിന്റെ ശബ്ദവും ലൈറ്റുകളുടെ തീവ്രതയും പരിശോധിക്കപ്പെടും. എന്നാൽ ടെസ്റ്റുകളിൽ പരാജയപ്പെട്ടാൽ 30 ദിവസത്തിനുള്ളിൽ വീണ്ടും അപേക്ഷിക്കാം. പരാജയപ്പെട്ട ടെസ്റ്റുമാത്രം വീണ്ടും നടത്തിയാൽ മതി. ഫലത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാം. രണ്ടുതവണ പരാജയപ്പെട്ടാൽ വാഹനം പൊളിക്കേണ്ടിവരുമെന്ന കരടുനിർദേശം അതേപടി അന്തിമവിജ്ഞാപനത്തിലുമുണ്ട്. ഇതിൽ ലഭിച്ച പരാതികൾ കേന്ദ്രം നിരസിച്ചു.

എന്നാൽ ട്യൂബ് ലൈസ് ടയറുകൾ വ്യാപകമായതിനാൽ സ്റ്റെപ്പിനി ടയറിനുപകരം പഞ്ചർകിറ്റ് മതിയെന്ന നിർദേശം പഴയവാഹനങ്ങൾക്കും ബാധകമാക്കി. സംസ്ഥാനങ്ങൾക്ക് പൊതുമേഖലയിലോ സ്വകാര്യപങ്കാളിത്തത്തോടെയോ ടെസ്റ്റിങ് കേന്ദ്രങ്ങൾ തുടങ്ങാം. ടെസ്റ്റിങ് കേന്ദ്രങ്ങളെല്ലാം ഓൺലൈനിൽ ബന്ധിപ്പിക്കും. പരിശോധനാഫലവും വാഹനത്തിന്റെ എൻജിൻ, ഷാസി നമ്പറുകളുടെ ഡിജിറ്റൽ പകർപ്പ് കേന്ദ്രീകൃത കമ്പ്യൂട്ടർ ശൃംഖലയിലേക്ക് അപ്‌ലോഡ് ചെയ്യും. ഫാസ്റ്റാഗ് നിർബന്ധമാണ്. ജി.പി.എസ്, വേഗപ്പൂട്ട് എന്നിവയും പരിശോധിക്കപ്പെടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.