കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും: കൂടുതല്‍ പ്രാദേശിക നേതാക്കളും കോണ്‍ഗ്രസിലേക്കെന്ന് സൂചന

കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും: കൂടുതല്‍ പ്രാദേശിക നേതാക്കളും കോണ്‍ഗ്രസിലേക്കെന്ന് സൂചന

ന്യുഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. വൈകിട്ട് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയാകും പാര്‍ട്ടി അംഗത്വം നല്‍കുക. കനയ്യയ്ക്കു പിറകെ കൂടുതല്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലെത്തുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു.

അതേസമയം കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത നേരത്തെ സിപിഐ നിഷേധിച്ചിരുന്നു. കനയ്യയെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ തന്നെ നിര്‍ത്താന്‍ സിപിഐ ദേശീയ നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടായിരുന്നു. എന്നാല്‍ കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഭഗത് സിങിന്റെ ജന്മദിനമായ ഇന്ന് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ കനയ്യ തീരുമാനിക്കുകയായിരുന്നു.

ജെഎന്‍യുവില്‍ വിദ്യാര്‍ഥി നേതാവായിരിക്കെ ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ കനയ്യയ്ക്ക് ബിഹാറിലെ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ചുമതലയായിരിക്കും കോണ്‍ഗ്രസ് നല്‍കുക. രാഹുല്‍ ഗാന്ധിക്കു പുറമെ പ്രിയങ്ക ഗാന്ധിയുമായും കഴിഞ്ഞ ദിവസങ്ങളില്‍ കനയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.