ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജിവെച്ച നവജ്യോത് സിങ് സിദ്ദുവിനെ പരിഹസിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സിദ്ദു സ്ഥിരതയുള്ള ആളല്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്ന് അമരീന്ദര്‍ ട്വിറ്ററില്‍ കുറിച്ചു. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനല്ല സിദ്ദുവെന്നും അമരീന്ദര്‍ വ്യക്തമാക്കി.
പാകിസ്ഥാനുമായി ബന്ധമുള്ള ആളാണ് സിദ്ദുവെന്നും എന്തുവില കൊടുത്തും സിദ്ദു പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് തടയുമെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. സിദ്ദുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് സിദ്ദു കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസ് ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രി ആക്കുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള അതൃപ്തിയാണ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ കാരണമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.