മോന്‍സന്റെ വീട്ടില്‍ ആനക്കൊമ്പ്; വനം വകുപ്പിന്റെ പരിശോധന

മോന്‍സന്റെ വീട്ടില്‍ ആനക്കൊമ്പ്; വനം വകുപ്പിന്റെ പരിശോധന

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ വനം വകുപ്പ് പരിശോധന. മ്യൂസീയത്തിന്റെ ദൃശ്യങ്ങളില്‍ ആനക്കൊമ്പിന്റെ ചിത്രങ്ങള്‍ കണ്ടതിന് പിന്നാലെയാണ് പരിശോധന. വനം വകുപ്പിന് പിന്നാലെ കസ്റ്റംസും മോന്‍സന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിലും വിവിധ വകുപ്പുകള്‍ ഇവിടെ പരിശോധന നടത്തിയിരുന്നു.

മോന്‍സന്റെ പുരാവസ്തു ശേഖരത്തില്‍ രണ്ട് ആനക്കൊമ്പുകളുടെ ചിത്രം പുറത്തു വന്നിരുന്നു.ആ ദൃശ്യങ്ങളുടെ ഭാഗമായാണ് വനം വകുപ്പ് പ്രാഥമിക പരിശോധന നടത്തിയത്. ഈ ആനക്കൊമ്പ് യഥാര്‍ഥമാണോ, അങ്ങനെയെങ്കില്‍ എവിടെ നിന്നാണ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അറിയുകയാണ് പരിശോധനയുടെ ലക്ഷ്യം. കൂടാതെ ആനക്കൊമ്പിന് പുറമെ മറ്റേതെങ്കിലും വന്യമൃഗങ്ങളുടെ കൊമ്പുകളും ശേഖരത്തിലുണ്ടോ എന്നറിയുകയും പരിശോധനയുടെ ലക്ഷ്യമാണ്.

അതേസമയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മോന്‍സണെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കോടതിയിലെത്തിക്കുന്നതിന് മുന്‍പ് നടത്തിയ വൈദ്യപരിശോധനയിലാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ കോവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കി. അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.