തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ കാര്യക്ഷമമാക്കാൻ പുതിയ വിദ്യകളുമായി വൈദ്യുതി ബോർഡ്. ഇതിന്റെ ഭാഗമായി ഇ-ഓട്ടോകൾ ഇനി മുതൽ വൈദ്യുതത്തൂണിൽനിന്നു ചാർജ് ചെയ്യാം.
പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്ട് അടുത്തമാസം ഈ സംവിധാനം നടപ്പാക്കും. ഇ-ഓട്ടോകൾക്ക് അവയുടെ സ്റ്റാൻഡിന്റെ പരിസരത്തുനിന്നുതന്നെ ചാർജ് ചെയ്യാൻ സൗകര്യമൊരുക്കാനാണിത്. മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണിത്. വൈദ്യുത പോസ്റ്റിൽ ഒരു ചാർജിങ് പോയന്റ് സ്ഥാപിക്കും. ആപ്പിൽ പണമൊടുക്കിയാൽ അതനുസരിച്ച് ചാർജ് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണം.
കോഴിക്കോട്ട് പത്ത് വൈദ്യുതത്തൂണുകളിൽ ആദ്യം ചാർജിങ് പോയന്റ് ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. നവംബറോടെ എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇപ്പോൾ ആറ് കോർപ്പറേഷനുകളിലാണ് ചാർജിങ് സ്റ്റേഷനുകളുള്ളത്. 56 സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണ്.