ആഡംബരം കണ്ടാല്‍ ആരും വിശ്വസിച്ച് പോകും; മോന്‍സണുമായി സാമ്പത്തിക ഇടപാടില്ലെന്ന് കെ സുധാകരന്‍

ആഡംബരം കണ്ടാല്‍ ആരും വിശ്വസിച്ച് പോകും; മോന്‍സണുമായി സാമ്പത്തിക ഇടപാടില്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് വീരന്‍ മോന്‍സണുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സണുമായി സാമ്പത്തിക ഇടപാടില്ല. അയാളുടെ ആഡംബരവും അലങ്കാരവും കണ്ടാല്‍ ആരും വിശ്വസിച്ച് പോകും. താന്‍ മാത്രമല്ല വിശ്വസിച്ചവരുടെ കൂട്ടത്തില്‍ ഉള്ളത്.

ആരോപണങ്ങള്‍ക്ക് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ എന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. പിണറായിക്കെതിരായ അങ്കം താന്‍ അവസാനിപ്പിച്ചത് വീണ്ടും തുടങ്ങണമോയെന്ന് ആലോചിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മൊന്‍സണിന്റെ വീട് സന്ദര്‍ശിച്ചതില്‍ തനിക്ക് യാതൊരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. മോന്‍സണിന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. ചികിത്സക്ക് മാത്രമായാണ് അവിടെ പോയത്. അതില്‍ ജാഗ്രത കുറവ് ഉണ്ടായെന്ന് ഏത് ഇന്ദ്രന്‍ പറഞ്ഞാലും അംഗീകരിക്കില്ല. മോന്‍സണുമായി പണം ഇടപാടില്ല. മറിച്ച് ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ മോന്‍സണനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരോടും ആലോചിച്ച് തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ് തീര്‍ക്കും. സെമി കേഡര്‍ സംവിധാനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.