ന്യൂഡല്‍ഹി: 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മണിപ്പൂരില്‍ മലയാളി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വര്‍ണവുമായി ഇംഫാല്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. ശരീരത്തിറെ രഹസ്യഭാഗത്ത് നാല് പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഇംഫാലില്‍ നിന്ന് ഡല്‍ഹിയിലേക്കു പോകുന്ന വിമാനത്താവളത്തില്‍ യാത്ര ചെയ്യാനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40നാണ് മുഹമ്മദ് ഷരീഫ് വിമാനത്താവളത്തില്‍ എത്തിയത്. ശരീര പരിശോധനയ്ക്കിടെ അസ്വാഭാവികമായ പെരുമാറ്റം മൂലം സി ഐ എസ് എഫ് ഉദ്യോഗസ്ഥരില്‍ സംശയം ജനിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതോടെ എക്സറേ പരിശോധനയ്ക്കു വിധേയനാക്കി. തുടര്‍ന്നാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.