ബംഗളൂരു: കാട്ടിലെ ജീവിയോട് നാട്ടിലെ മനുഷ്യന്റെ കൊടും ക്രൂരത. കര്‍ണാടകയില്‍ ഇരുപതിലധികം കുരങ്ങന്മാരെ വിഷം കൊടുത്ത് കൊന്നശേഷം ചാക്കിലാക്കി വഴിയരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കുരങ്ങന്മാരുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ വനംവകുപ്പ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള അന്വേഷണത്തിലാണ്.
കോളാറില്‍ വനത്തിനോട് ചേര്‍ന്നുള്ള ഹൈവേയില്‍ റോഡരികിലാണ് കുരങ്ങന്മാരെ ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നശേഷം ചാക്കിലാക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
ജൂലൈയില്‍ ഹസന്‍ ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഇരുപതിലധികം കുരങ്ങന്മാരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കൊടുത്ത ശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.