തിരുവനന്തപുരം: ഇന്ധന വിലക്കയറ്റം തുടർക്കഥയായി മാറുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ എട്ട് പൈസയും ഡീസലിന് 102രൂപ ഏഴ് പൈസയുമായി. വാണിജ്യ പാചക വാതക വിലയും കൂടി. സിലിണ്ടറിന് മുപ്പത്തെട്ടുരൂപയാണ് കൂടിയത്.
കുറച്ചു നാളുകളായി ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ ചാഞ്ചാട്ടങ്ങളോടെ വില വീണ്ടും ഉയരുകയായിരുന്നു. എന്നാൽ രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ സമ്മതിക്കാത്താണെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ വാദം.
ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള നീക്കങ്ങൾ കേന്ദ്രം നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.