ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുന്നവർക്കെതിരേ കടുത്ത വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഇത്തരക്കാർ രാജ്യത്തെ അപമാനിക്കുകയാണെന്നും ഇവരെ പരസ്യമായി നാണംകെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മഹാത്മാ ഗാന്ധിയുടെ ജന്മവാർഷികത്തിൽ നാഥുറാം ഗോഡ്സെയ്ക്ക് സിന്ദാബാദ് വിളിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയതിന് പിന്നാലെയാണ് വരുൺ ഗാന്ധിയുടെ പ്രതികരണം.
ഇന്ത്യ ആത്മീയമായി എപ്പോഴും ഒരു വൻ ശക്തിയായിരുന്നു. ഇന്ത്യയുടെ ആത്മീയതയ്ക്ക് ലോകത്തിന്റെ അംഗീകാരം ലഭ്യമായത് മഹാത്മാ ഗാന്ധിയുടെ പ്രവൃത്തികളിലൂടെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോഡ്സെക്ക് സിന്ദാബാദ് വിളിക്കുന്നവർ രാജ്യത്തെ അപമാനിക്കുകയാണ്. ഗോഡ്സെയെ പുകഴ്ത്തുന്നത് മാനസിക അസ്വാസ്ഥ്യമുള്ളവരാണെന്നും ഇത്തരക്കാരെ മുഖ്യധാരയിലേക്ക് കടന്നുവരാൻ അനുവദിച്ചുകൂടെന്നും വരുൺ ഗാന്ധി പറയുന്നു. ഇവരെ പരസ്യമായി നാണംകെടുത്തുകയാണ് വേണ്ടതെന്നും വരുൺ ഗാന്ധി അഭിപ്രായപ്പെട്ടു.