ഒരു ബെഞ്ചില്‍ ഒരുകുട്ടി മാത്രം: എല്‍.പിയില്‍ ഒരു ക്ലാസില്‍ 10 കുട്ടികള്‍, പഠനം ഉച്ചവരെ; സ്‌കൂള്‍ തുറക്കാനുള്ള കരട് മാര്‍ഗരേഖയായി

ഒരു ബെഞ്ചില്‍ ഒരുകുട്ടി മാത്രം: എല്‍.പിയില്‍ ഒരു ക്ലാസില്‍ 10 കുട്ടികള്‍, പഠനം ഉച്ചവരെ; സ്‌കൂള്‍ തുറക്കാനുള്ള കരട് മാര്‍ഗരേഖയായി

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കരട് മാര്‍ഗരേഖ തയ്യാറായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പരമാവധി കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്നാണ് 20 പേജുള്ള കരട് മാര്‍ഗരേഖയില്‍ പറയുന്നത്.

എല്‍.പി, യു.പി ക്ലാസുകളില്‍ മൂന്നിലൊന്ന് വിദ്യാര്‍ഥികളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതി. പ്രൈമറി ക്ലാസുകളില്‍ പരമാവധി പത്ത് കുട്ടികളെയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ 20 കുട്ടികളെ വീതവും ഇരുത്തും. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍.

ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യില്ല. കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് എണ്ണത്തില്‍ കര്‍ശന നിയന്ത്രണം.

ക്ലാസുകള്‍ തമ്മിലുള്ള ഇടവേളകളും വ്യത്യസ്ത സമയത്തായിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കുട്ടികള്‍ ഒരേ സമയം കൂട്ടം കൂടുന്നത് ഒഴിവാക്കാനാണിത്. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാറ്റം വരുത്താം. സ്‌കൂളുകള്‍ വലുതാണെങ്കില്‍ കൂടുതല്‍ കുട്ടികളെ ഇരുത്താം.

സ്‌കൂളുകളില്‍ ഹെല്‍ത്ത് മോണിറ്ററിങ് കമ്മിറ്റികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഈ മാസം പത്തിന് മുന്‍പ് കരട് മാര്‍ഗരേഖ സമര്‍പ്പിക്കുമെന്ന് വിദ്യാഭാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. മാര്‍ഗരേഖ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടായേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.