ലഹരി വേട്ട: സുരക്ഷ മുന്‍ നിര്‍ത്തി ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്ത് വിടരുതെന്ന് കര്‍ശന നിര്‍ദേശം

ലഹരി വേട്ട: സുരക്ഷ മുന്‍ നിര്‍ത്തി ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്ത് വിടരുതെന്ന് കര്‍ശന നിര്‍ദേശം

കൊച്ചി: നഗരത്തില്‍ ലഹരി വേട്ട പതിവായതോടെ പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കി കൊച്ചി സിറ്റി പൊലീസ്. ലഹരി പിടികൂടുന്ന ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വിടരുതെന്ന കര്‍ശന നിര്‍ദേശമാണു ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഐശ്വര്യ ഡോങ്‌റെ സഹപ്രവര്‍ത്തകരായ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്. ലഹരിവേട്ടയ്ക്കിറങ്ങുന്ന ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയും ലഹരി മാഫിയ സംഘം ലക്ഷ്യമിടാനുള്ള സാധ്യത പരിഗണിച്ചാണു നിര്‍ദേശം.

ഇത്തരം സംഭവങ്ങളില്‍ ഔദ്യോഗിക വാര്‍ത്തകളിലൂടെ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വരുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ഡിസിപിയുടെ ഓഫിസ് കേന്ദ്രീകൃതമായി മാത്രം വാര്‍ത്തകള്‍ നല്‍കിയാല്‍ മതിയെന്നാണു പുതിയ നിര്‍ദേശം.

കൂടാതെ എസിപി, എസ്എച്ച്ഒ, സബ് ഇന്‍സ്‌പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്ത നല്‍കുന്നതിനും വിലക്കുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍, വിവരങ്ങള്‍ കേന്ദ്രീകൃതമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വഴി നല്‍കിയാല്‍ മതിയെന്നാണു നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ തന്നെ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഒഴിവാക്കാനും പറയുന്നു.

തുടര്‍ച്ചയായി നടക്കുന്ന ലഹരി വേട്ടകളില്‍ പിടിയിലാകുന്നത് ഏറെയും ലഹരി വില്‍പനയുടെ താഴെക്കണ്ണിയില്‍ ഉള്ളവരാണ്. പിടിയിലാകുന്നവര്‍ക്കു പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. മറ്റു രാജ്യങ്ങളില്‍ നിന്നും ചെന്നൈയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും എത്തിക്കുന്ന എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വലിയ അളവിലാണ് നഗരത്തില്‍ വില്‍ക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.