കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരണം ആറായി: മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസം; സൈന്യത്തിന്റെ സഹായം തേടി സര്‍ക്കാര്‍

കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍  മരണം ആറായി: മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസം; സൈന്യത്തിന്റെ സഹായം തേടി സര്‍ക്കാര്‍

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് മുണ്ടക്കയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ആറായി. കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് ഉച്ചയോടെയാണ് പ്ലാപ്പിള്ളിയില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടലുണ്ടായത്.

മൂന്ന് വീടുകള്‍ പൂര്‍ണമായും ഒലിച്ചു പോയി. പല സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ തുടരുന്നതും റോഡുകള്‍ പലയിടത്തും ഒലിച്ചു പോയതും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇതോടെ കൂട്ടിക്കല്‍, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കോട്ടയം ജില്ലാ ഭരണകൂടം സഹായം തേടിയതിനെ തുടര്‍ന്ന് 35 സൈനികര്‍ ഉള്‍പ്പെടുന്ന സംഘം ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എം17, സാരംഗ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഏന്തയാറും മുക്കളവും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം തകര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലമായിരുന്നു ഇത്.

എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും മറ്റൊന്ന് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കും.

അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ എയര്‍ഫോഴ്‌സിനും നിര്‍ദ്ദേശം നല്‍കി. സന്നദ്ധ സേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്.

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി ,തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി എന്നീ അണക്കെട്ടുകളില്‍ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി, തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്ത് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.